Tuesday, September 16, 2014

അധ്യാപക ദിനം


അധ്യാപക ദിനം ആചരിച്ചു
             വിദ്യാര്‍ത്ഥികള്‍ അധ്യാപകരായും ഹാജിമാഷുടെ ഒരു ചാക്കു കഥകളുടെ കെട്ടഴിച്ചും ജി.വി.എച്ച്.എസ് കാഞ്ഞങ്ങാടില്‍ ദേശീയഅധ്യാപക ദിനാചരണം ഓണാഘോഷങ്ങള്‍ക്കിടയിലും വ്യത്യസ്തമായി.
        കുട്ടികള്‍ അധ്യാപകരായി അധ്യാപകരും വിദ്യാര്‍ത്ഥികളും നിറഞ്ഞ സദസ്സില്‍ പാഠപുസ്തകത്തിലെ അറിവുകളെ നിര്‍ഭയമായി അവര്‍ അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ബോര്‍ഡുകളില്‍ ചിത്രങ്ങള്‍ വരച്ചും ഡയഗ്രങ്ങള്‍ നല്‍കിയും പാഠപുസ്തകത്തെ വിശദീകരിച്ചപ്പോള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ വിസ്മയം! അരുണ്‍കുമാര്‍ , അശ്വിന്‍പ്രീത് , കാവ്യാമോഹനന്‍ , നമിത.പി , ഫര്‍ഹാന റഷീദ് എന്നിവരായിരുന്നു അധ്യാപകരായ വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളുടെ അധ്യാപക അരങ്ങേറ്റത്തോടെയാണ് ഈ വര്‍ഷത്തെ ദേശീയഅധ്യാപക ദിനാചരണത്തിന് തുടക്കം കുറിച്ചത്.
ഹാജിമാഷെ ആദരിച്ചപ്പോള്‍

       തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങിയ സംഘം സ്ക്കൂളിലെ മുന്‍ അധ്യാപകനായ ഹാജിമാഷുടെ വീട്ടിലെത്തി.  ഹെഡ് മാസ്റ്റര്‍ കെ. വി. ജനാര്‍ദ്ദനന്‍ , പി.ടി.എ പ്രസിഡണ്ട് കെ.വി.ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് ഹാജിമാഷെ പൊന്നാടയണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും ആദരിച്ചൂ. ഹാജിമാഷ് ഒരു ചാക്കു കഥകളുമായി ക്ലാസ്സില്‍ പോയ പഴയ ഓര്‍മ്മകളുടെ കെട്ടു തുറന്നപ്പോള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കൗതുകമായി. കഥകളിലൂടെ വിദ്യാര്‍ത്ഥികളെ പഠനത്തിന്റെ വിവിധ മേഖലകളിലേക്കാകര്‍ഷിച്ചിരുന്നതായിരുന്നു ഹാജി മാഷുടെ ശൈലി. സ്ക്രീനിലെ ദൃശ്യവിസ്മയങ്ങളെക്കാള്‍ മികച്ച ദൃശ്യങ്ങളൊരുക്കിയാണ് പഴയകാലത്ത് അധ്യാപകര്‍ കഥകള്‍ പറഞ്ഞിരുന്നതെന്ന് ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു എന്നുള്ളത് അധ്യാപക ദിനം കൂടുതല്‍ അര്‍ത്ഥവത്താക്കി.


No comments:

Post a Comment