Tuesday, September 30, 2014

മോഹനന്‍ മാസ്റ്ററുടെ യാത്രയയപ്പ്


മോഹനന്‍ മാസ്ററരുടെ യാത്രയയപ്പ്
 
    ഒന്‍പത് വര്‍ഷമായി കാഞ്ഞങ്ങാട് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ നിറസാന്നിധ്യമായി നിന്ന മോഹനന്‍ മാസ്റ്റര്‍ ഹയര്‍ സെക്കന്ററി അധ്യാപകനായി പ്രമോഷന്‍ ലഭിച്ച് അട്ടേങ്ങാനംഗവഃ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ അധ്യാപകനായി. കുട്ടികളും രക്ഷിതാക്കളുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തുന്നതില്‍ ഉത്തമ മാതൃകയായ മോഹനന്‍ മാസ്റ്ററുടെ യാത്രയയപ്പില്‍ കുട്ടികളും അധ്യാപകരും ഒരു പോലെ വികാരഭരിതരായി. സ്ക്കൂളിലെ മുഴുവന്‍ കുട്ടികളുടേയും വീട് അറിയാന്‍ ശ്രമിക്കുന്ന അധ്യാപകന്‍, പഠനയാത്രാസംഘാടകന്‍, കായികപരിശീലകന്‍ എന്നിങ്ങനെ എല്ലാ നിലകളിലും തന്റെ വ്യക്തിത്വം തെളിയിച്ച അധ്യാപകനാണ് മോഹനന്‍ മാസ്റ്റര്‍.

Monday, September 29, 2014

സാക്ഷരം-ഉണര്‍ത്ത്


'ഉണര്‍ത്ത് '-സാക്ഷരം സര്‍ഗ്ഗാത്‌മക ക്യാമ്പ്
    സാക്ഷരം പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തില്‍ ' ഉണര്‍ത്ത് ' - സര്‍ഗ്ഗാത്‌മക ക്യാമ്പ് നടന്നു. കാഞ്ഞങ്ങാട് നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി.ശോഭ ഉദ്ഘാടനം ചെയ്തു.
നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി.ശോഭ ഉദ്ഘാടനം ചെയ്യുന്നു.
പി.ടി.എ പ്രസിഡന്റ് കെ.വി.ദാമോദരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ കെ.വി.ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു. എസ്.ആര്‍.ജി കണ്‍വീനര്‍ അനിത.ടി.വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അധ്യാപകരായ സദാരമ.കെ ,ശ്യാമള.സി.എന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജോര്‍ജ്ജുകുട്ടി ജോസഫ് നന്ദി രേഖപ്പെടുത്തി.

Thursday, September 18, 2014

സാക്ഷരം _കാഴ്ചപ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.

Tuesday, September 16, 2014

ജി വി എച്ച് എസ് കാഞ്ഞങ്ങാടിന് ഭാസ്ക്കര കുമ്പള പുരസ്ക്കാരം


എം.ബി രാജേഷ് എം.പി ഭാസ്ക്കരകുമ്പള
 അവാര്‍ഡ് സമ്മാനിക്കുന്നു


       
            കാസര്‍ഗോഡ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തി എസ് എസ് എല്‍ സി പരീക്ഷയില്‍ 100% വിജയം നേടിയ മികച്ച സ്ക്കൂളിനുള്ള ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ഭാസ്ക്കര കുമ്പള പുരസ്ക്കാരം ജി വി എച്ച് എസ് കാഞ്ഞങ്ങാടിന് ലഭിച്ചുസപ്തംബര്‍ 14 ന് സ്ക്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ടും പാലക്കാട് എം പി യുമായ എം ബി രാജേഷ് പുരസ്ക്കാരം സ്ക്കൂളിന് സമര്‍പ്പിച്ചു.നാട്ടുകാരും വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും നിറഞ്ഞ സദസ്സിലായിരുന്നു പുരസ്ക്കാര സമര്‍പ്പണം. പി ടി എ പ്രസിഡണ്ട് കെ വി ദാമോദരന്‍, സീനിയര്‍ അസിസ്റ്റന്‍റ് കെ സി പവിത്രന്‍ , കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. ശില്പവും പതിനയ്യായിരം രൂപയുടെ പുസ്തകങ്ങളും ഉള്‍കൊള്ളുന്നതാണ് ഭാസ്ക്കര കുമ്പള പുരസ്ക്കാരം.    അഡ്വ : കെ രാജ്മോഹന്‍ അധ്യക്ഷനായി. രജീഷ് വെള്ളാട്ട്, വി സുകുമാരന്‍, വി വി രമേശന്‍, ടി വി ഗംഗാധരന്‍,രേവതി കുമ്പള എന്നിവര്‍ സംസാരിച്ചു. പി കെ നിശാന്ത് സ്വാഗതവും എന്‍ പ്രിയേഷ് നന്ദിയുംപറഞ്ഞു .

അധ്യാപക ദിനം


അധ്യാപക ദിനം ആചരിച്ചു
             വിദ്യാര്‍ത്ഥികള്‍ അധ്യാപകരായും ഹാജിമാഷുടെ ഒരു ചാക്കു കഥകളുടെ കെട്ടഴിച്ചും ജി.വി.എച്ച്.എസ് കാഞ്ഞങ്ങാടില്‍ ദേശീയഅധ്യാപക ദിനാചരണം ഓണാഘോഷങ്ങള്‍ക്കിടയിലും വ്യത്യസ്തമായി.
        കുട്ടികള്‍ അധ്യാപകരായി അധ്യാപകരും വിദ്യാര്‍ത്ഥികളും നിറഞ്ഞ സദസ്സില്‍ പാഠപുസ്തകത്തിലെ അറിവുകളെ നിര്‍ഭയമായി അവര്‍ അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ബോര്‍ഡുകളില്‍ ചിത്രങ്ങള്‍ വരച്ചും ഡയഗ്രങ്ങള്‍ നല്‍കിയും പാഠപുസ്തകത്തെ വിശദീകരിച്ചപ്പോള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ വിസ്മയം! അരുണ്‍കുമാര്‍ , അശ്വിന്‍പ്രീത് , കാവ്യാമോഹനന്‍ , നമിത.പി , ഫര്‍ഹാന റഷീദ് എന്നിവരായിരുന്നു അധ്യാപകരായ വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളുടെ അധ്യാപക അരങ്ങേറ്റത്തോടെയാണ് ഈ വര്‍ഷത്തെ ദേശീയഅധ്യാപക ദിനാചരണത്തിന് തുടക്കം കുറിച്ചത്.
ഹാജിമാഷെ ആദരിച്ചപ്പോള്‍

       തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങിയ സംഘം സ്ക്കൂളിലെ മുന്‍ അധ്യാപകനായ ഹാജിമാഷുടെ വീട്ടിലെത്തി.  ഹെഡ് മാസ്റ്റര്‍ കെ. വി. ജനാര്‍ദ്ദനന്‍ , പി.ടി.എ പ്രസിഡണ്ട് കെ.വി.ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് ഹാജിമാഷെ പൊന്നാടയണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും ആദരിച്ചൂ. ഹാജിമാഷ് ഒരു ചാക്കു കഥകളുമായി ക്ലാസ്സില്‍ പോയ പഴയ ഓര്‍മ്മകളുടെ കെട്ടു തുറന്നപ്പോള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കൗതുകമായി. കഥകളിലൂടെ വിദ്യാര്‍ത്ഥികളെ പഠനത്തിന്റെ വിവിധ മേഖലകളിലേക്കാകര്‍ഷിച്ചിരുന്നതായിരുന്നു ഹാജി മാഷുടെ ശൈലി. സ്ക്രീനിലെ ദൃശ്യവിസ്മയങ്ങളെക്കാള്‍ മികച്ച ദൃശ്യങ്ങളൊരുക്കിയാണ് പഴയകാലത്ത് അധ്യാപകര്‍ കഥകള്‍ പറഞ്ഞിരുന്നതെന്ന് ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു എന്നുള്ളത് അധ്യാപക ദിനം കൂടുതല്‍ അര്‍ത്ഥവത്താക്കി.


Thursday, September 4, 2014

ഓണാശംസകള്‍

ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാടിന്റെ ഓണാശംസകള്‍!

ഓണാഘോഷം 2014


പൂവിളി …....! പിന്നെ..
വിഭവസമൃദ്ധമായ ഓണസദ്യയും


              പൂവേ പൊലി.......
          പൂവേ.... പൊലി.......
          പൂവേ പൊലി.......പൂവേ......!
            വ്യത്യസ്ത പൂക്കള്‍! വ്യത്യസ്ത നിറങ്ങള്‍ ! വ്യത്യസ്ത കളങ്ങള്‍!!!   ഇതാണ് ഈ വര്‍ഷത്തെ പൂക്കളം. ഒന്നുമുതല്‍ നാല് വരെ ക്ലാസുകളില്‍ മത്സരമില്ലാതെയും 5 മുതല്‍ വി എച്ച് എ സി വരെ  മത്സരമായും വര്‍ണ്ണപൂക്കളങ്ങള്‍ തീര്‍ന്നുപിന്നെ പരസ്പരം പൂക്കളങ്ങള്‍ കാണാനുള്ള ഓട്ടമായിരുന്നു.വര്‍ണ്ണങ്ങളുടെ മായികപ്രപഞ്ചം നിലത്ത് തീര്‍ക്കുമ്പോള്‍ പിഞ്ചുഹൃദയങ്ങളിലും ആഘോഷങ്ങളുടെ ആരവം!പരീക്ഷാചൂടില്‍ നിന്നും തെല്ലൊരാശ്വാസം! ഏവരും മനസ്സില്‍ സൂക്ഷിക്കുന്നോര്‍മ്മകളുടെ വസന്തകാലം!

പൂക്കളം


       "അത്തം കറുത്താല്‍ ഓണം വെളുക്കും" -ഓണത്തെപ്പറ്റിയുള്ള പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്നുപോലെ ദിവസങ്ങളായി പെയ്ത മഴവെള്ളം തടാകം പോലെ ഗ്രൗണ്ടില്‍തങ്ങി നില്‍ക്കുന്നു. മഴയ്ക്ക് തെല്ലൊരാശ്വാസം കിട്ടി. ഇതൊന്നും വക വയ്ക്കാതെ സദ്യ റെഡി ! വെള്ളത്തുള്ളികള്‍ ചിതറിയ വാഴയിലയില്‍ തൂവെള്ള ചോറ് ,സാമ്പാര്‍ , പച്ചടി , അവിയല്‍ അങ്ങനെ പോകുന്നു വിഭവങ്ങള്‍. പിന്നെ ആഘോഷങ്ങള്‍ക്ക് മധുരമേകി പായസവും ! അപ്പോഴേക്കും പൂക്കളങ്ങളുടെ പലപ്രഖ്യാപനം മൈക്കിലൂടെ, സമ്മാനാര്‍ഹരായവര്‍ക്ക് ഇരട്ടിമധുരം ! സമ്മാനാര്‍ഹരായവര്‍:-
             
             (I)5B,  (II)5D     (I) 6C,  (II)6D       (I) 7B'  (II)7A
        (I)8A,  (II)8D,     (I)9D, (II)9C        (I)10B, (II)10C
        (I)VHSC-II         (II)VHSC-I
ഓണസദ്യയില്‍ നിന്ന്
     എല്ലാവര്‍ക്കും ഓണസദ്യയൊരുക്കുന്നത് പി.ടി.എയുടെ നേതൃത്വത്തിലാണ്. രാവിലെ 5 മണിക്ക് തുടങ്ങും സദ്യയുടെ ഒരുക്കങ്ങള്‍ . പച്ചക്കറി മുറിക്കലും തേങ്ങ ചെരവലും എല്ലാം വീട്ടിലെ സദ്യയ്ക്കെന്നതുപോലെ ! കുട്ടികള്‍ കൊണ്ടുവന്ന പച്ചക്കറികളും വാഴയിലയുമാണ് സദ്യയുടെ വിജയം. പിന്നെഈ വര്‍ഷത്തെ പായസം പി.ടി.എ വൈ : പ്രസിഡണ്ട് ചന്ദ്രന്‍ പനങ്കാവിന്റെ വക. അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒന്നിക്കുമ്പോള്‍ സ്കൂളില്‍ ആഘോഷങ്ങള്‍ക്ക് പഞ്ഞമില്ല.
         ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എല്ലാവരെയും സ്മരിക്കുന്നു. ഓര്‍മ്മകളില്‍ സൂക്ഷിക്കുന്ന ഓരോ ഓണക്കാലവും എന്നും മായാത്ത വര്‍ണ്ണപ്രപഞ്ചമായിത്തീരട്ടെ! ഏവര്‍ക്കും ഓണാശംസകള്‍.........!

കസേരകള്‍ സംഭാവന ചെയ്തു



കസേരകള്‍ സംഭാവന ചെയ്തു
പി. ടി. . പ്രസിഡണ്ട് കെ.വി .ദാമോദരന്‍ 
സുരേഷ് തണ്ണോടത്തില്‍ നിന്നും ചെക്ക് സ്വീകരിക്കുന്നു

                         സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രവാസിയുമായ സുരേശന്‍ തണ്ണോടത്ത് സ്ക്കൂളിലെ കോണ്‍ഫറന്‍സ് ഹാളിലേക്ക് അമ്പത് കസേരകള്‍ സംഭാവന ചെയ്തു. പി. ടി. . പ്രസിഡണ്ട് കെ.വി .ദാമോദരന്‍ സുരേശഷ് തണ്ണോടത്തില്‍ നിന്നും ചെക്ക് സ്വീകരിച്ചു. ദുബായില്‍ എമിറേറ്റ്സ് കോണ്‍കോര്‍ഡ് സ്ഥാപന ഉടമയാണ് സുരേഷ് തണ്ണോടത്ത്