Monday, June 23, 2014

ചരിത്രം



     1903-ല്‍ കാഞ്ഞങ്ങാട് ബേസിക് ഹിന്ദു എലിമെന്ററി സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയത്തിന്റെ അധ്യാപന ചരിത്രം ആരംഭിക്കുന്നത്. തെക്കന്‍ കര്‍ണ്ണാടക (സൗത്ത് കനറ) ജില്ലയുടെ ഭാഗമായി കാസറഗോഡ് താലുക്കില്‍ കന്നഡ മീഡിയം താലുക്ക് ബോര്‍ഡ് സ്കൂളായി ആദ്യം ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളും പിന്നീട് ഡിസിട്രിക്ട് ബോര്‍ഡിന്റെ നിയന്ത്രണത്തിലായതോടെ ഉയര്‍ന്ന ഡിവിഷനുകളും പ്രവര്‍ത്തിച്ചു. ദേശീയപാതയുടെ പുനര്‍നിര്‍ണ്ണയം നടന്നതോടെ നീലേശ്വരത്തേയും ഹൊസ്ദുര്‍ഗ് കച്ചേരിയേയും ബന്ധിപ്പിക്കുന്ന ചെങ്കല്‍ റോഡ് ദേശീയപാതയുടെ ഭാഗമായി. ഈ ദേശീയ പാതയോരത്താണ് സ്കൂളിന്റെ പ്രവര്‍ത്തനം പിന്നീട് വ്യാപകമായത്. 1958-59 വര്‍ഷത്തില്‍ 6-ാം ക്ലാസും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 7,8 ക്ലാസുകളും ആരംഭിച്ചുവെങ്കിലുo 1961 വരെ മാത്രമേ 8-ാം തരം പ്രവര്‍ത്തിച്ചുള്ളു. പില്‍ക്കാലത്ത് കാഞ്ഞങ്ങാടിന്റെ നഗരപ്രാന്തത്തില്‍ വികാസം പ്രാപിച്ച ഈ വിദ്യാലയം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന രൂപീകരണം സാധ്യമായതോടെ പൂര്‍ണ്ണമായി മലയാളം മീഡിയം സ്ക്കൂളുകളായി മാറി.
1984 മുതല്‍ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടതോടെ ദേശീയപാതയോരത്തെ വാടകകെട്ടിടം കൂടാതെ സ്ക്കൂള്‍ അപ്ഗ്രേഡിംഗ് കമ്മിറ്റിയുടേയും സ്ഥലത്തെ സഹകരണ ബാങ്കിന്റെയും, അഭ്യൂദയകാംക്ഷികളുടേയും നാട്ടുകരുടേയും അശ്രാന്തപരിശ്രമത്തിന്റെ ഫലമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 3 ഏക്കര്‍ വരുന്ന സ്ഥലത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. കെട്ടിടങ്ങളുടെ അപര്യാപ്തത മൂലം 1998 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ഹൈസ്ക്കൂള്‍ പ്രവര്‍ത്തിച്ചത്.2003-04 വര്‍ഷത്തില്‍ വാടക കെട്ടിടത്തിലെ പ്രവര്‍ത്തനം ‌പൂര്‍ണ്ണമായും ഒഴിവാക്കുകയും ആവശ്യമായ താല്‍ക്കാലിക സൗകര്യങ്ങളോടെ നിലവിലുള്ള സ്ഥലത്ത് പ്രവര്‍ത്തനം ‌ തുടങ്ങുകയും ചെയ്തു. 2007-08 വര്‍ഷം സ്ക്കൂളില്‍ വിഎച്ച്എസ്ഇ കോഴ്സ് (എംഎല്‍ടി,എല്‍ഡിഎച്ച്) തുടങ്ങുകയും ചെയ്തു. ഇന്ന് കേരള സര്‍ക്കാരിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും ധനസഹായത്തോടെ അത്യാവശ്യസൗകര്യങ്ങളോടുകൂടിയ സ്ഥിരമായ ക്ലാസുമുറികള്‍ സജ്ജമാക്കാന്‍ സാധിച്ചിട്ടുണ്ട്.

No comments:

Post a Comment